കാമുകി
വിരുന്നുകാർക്കിടയിൽ ആ പാറിപ്പറന്ന മുടിയിഴകളും കരഞ്ഞുവീർത്ത കണ്ണുകളും അവൻ കണ്ടു.
നവവധു വിരുന്നുകാരോട് കുശലാന്വേഷണം നടത്തുന്നതിനിടയിൽ അവൻ ആരുംകാണാതെ അവൾക്കരികിലെത്തി.
"നിളാ...
മോളെ, നീ ഇവിടെ..."
അവന്റെ ശബ്ദമിടറി...
"ക്ഷമിക്കണം...
വരണമെന്ന് കരുതിയതല്ല,
പക്ഷെ, എന്തോ വരാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല...
നേരിട്ടുവന്ന് കാണണമെന്നോ ആ മനസ്സ് വിഷമിപ്പിക്കണമെന്നോ കരുതിയില്ല...
ദൂരെനിന്ന് ഒരുനോക്ക് കാണാൻ ആഗ്രഹിച്ചുവന്നതാണ്..."
കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.
"നിളാ, പ്ലീസ് നീ ഇങ്ങനെ കരയരുത്,
നിന്റെ കണ്ണുനീർ എന്റെ ദുർബലനാക്കും..
ആരെങ്കിലും കണ്ടാൽ..."
"ഇല്ല ഞാൻ പൊക്കോളാം...
അവസാനമായി ഒരുനോക്ക് കാണണമെന്നേ ഉളളിൽ ഉണ്ടായിരുന്നുള്ളു."
"മോനെ, നീയിത് ഇവിടെ എന്തെടുക്കുവാ...!?"
വധൂവരന്മാരുടെ ഇടിപ്പിടത്തിൽ മകനെ കാണാഞ്ഞിട്ടാവും അമ്മ അന്വേഷിച്ചെത്തിയത്.
"ഏയ്യ് ഒന്നുല്ലമ്മാ... ഞാൻ ഇപ്പോ വരാം..."
കർട്ടന്റെ മറവിൽ നിന്ന് അവൻ വിളിച്ചുപറഞ്ഞു.
തന്റെ ശബ്ദം കേട്ട് തിരിച്ചു നടന്ന അമ്മയെനോക്കി അവൻ നെഞ്ചിൽ കൈവച്ചു.
"ശരി, ഞാൻ പോകുന്നു..."
ഇനിയൊന്നും പറയാനില്ലെന്ന അർഥത്തിൽ അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു...
തിരിച്ചു നടക്കാൻ തുനിഞ്ഞ അവളുടെ
കൈകൾ അവൻ മുറുകെപ്പിടിച്ചു...
"നിളാ... ഞാൻ..."
"വേണ്ടാ, പറയണ്ട, എനിക്കറിയാം എന്താ പറയാൻ പോകുന്നതെന്ന്...
'നീ നിസ്സഹായനാണ്, മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു...'
എന്നൊക്കെയല്ലേ...
എനിക്ക് മനസ്സിലാകും നിന്നെ, ഞാൻ ഒരുക്കലും നിന്നെ കുറ്റപ്പെടുത്തില്ല...
ഞാൻ ഇറങ്ങുന്നു..."
തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൾ ഒരുനിമിഷം ഒന്നുനിന്നു...
"ഈ ഇറങ്ങിപോക്ക് ഈ വിവാഹമണ്ഡപത്തിൽ നിന്നുമാത്രമല്ല, നമ്മുടെ പ്രണയത്തിൽ നിന്നുകൂടിയാണ്...!!!"
അവളുടെ മടക്കം അവൻ നിശബ്ദം
നോക്കിനിന്നു, അവന്റെ നിസ്സഹായത ആ കണ്ണുകളിൽ നിറഞ്ഞു...
പടവുകളിലൂടെ അവൾ മെല്ലെ നടന്നുനീങ്ങി...
ആ നിമിഷം, മാസങ്ങൾക്കുമുമ്പുവരെ അവൾ സ്വപ്നം കണ്ട 'ആ നാളുകൾ' ഓടിമറഞ്ഞു. ഇന്നീ നിമിഷം താനായിരുന്നു വിവാഹ വേഷത്തിൽ തന്റെ പ്രീയപ്പെട്ടവനൊപ്പം ഉണ്ടാകേണ്ടിയിരുന്നതെന്ന് അവൾ ഓർത്തു...
വിധി അവർക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. കണ്ണിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർതുള്ളികൾ തുടയ്ക്കുന്നതിനിടയിലാണ് അവളത് ശ്രദ്ധിച്ചത്, കൈക്കുള്ളിലെ മഞ്ഞ ചരടിൽ കൊർത്ത ആ സ്വർണത്താലി അവൾ അമർത്തി ചുംബിച്ചു...
പണ്ടൊരിക്കൽ തനിക്ക് സമ്മാനമായി നൽകിയ ആ താലിചരട് നോക്കി അവൾ സ്വയം ചോദിച്ചു,
"ഞാൻ നിന്റെയാരാണ്...
ഒരു താലി ചരടിനുമപ്പുറം ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒന്നായി ജീവിച്ച നമുക്കിനി ഓർമ്മിക്കാൻ പാകത്തിനുപോലും ഒരു നല്ല ഓർമയില്ലല്ലോ..."
മരവിച്ച ഹൃദയവും മരിക്കാറായ മനസ്സുമായി അവൾ പടിയിറങ്ങി...
എന്നന്നേക്കുമായി...
വിറങ്ങലിച്ച ഹൃദയവും വിറയാർന്ന മനസ്സുമായി അവനും അത് നോക്കി നിന്നു...!!!
- ദിവ്യ ലക്ഷ്മി
എഴുത്ത് ലോകം
Comments
Post a Comment