വർണ്ണങ്ങൾ

"നീയിത് എന്താ തിരക്കുന്നെ...."

"എന്റെ പെൻസിൽ....
റൂമിൽ വച്ചിരുന്നതാ, ഇപ്പൊ കാണാനില്ല."

ടേബിളിൽ അടുക്കിവച്ചിരുന്ന സാധങ്ങൾ ഓരോന്നോരോന്നായി എടുത്തുമാറ്റി അവൾ തന്റെ കാണാതായ പെൻസിൽ തിരഞ്ഞുകൊണ്ടേയിരുന്നു....
അപ്പോഴേക്കും പൂമുഖത്തുനിന്ന് അമ്മയുടെ ശബ്ദം വീണ്ടുമുയർന്നു.

"നിനക്ക് എന്തിനാ അതിപ്പോ...?"

"വരയ്ക്കാൻ, അല്ലാണ്ട് എന്തിനാ....? ഹും!!"

ഇത്രയും പറഞ്ഞ് അവൾ വീണ്ടും തന്റെ പണി തുടർന്നു...
അപ്പോഴേക്കും അവളുടെ തലയ്ക്ക് മുകളിലൂടെ കാണാതെപോയ പെൻസിൽ പറന്നുവന്ന് തറയിൽ വീണു.

"ഒരു കാര്യം ചോദിച്ചാൽ നേരാംവണ്ണം മറുപടി പറയില്ല.
അന്യവീട്ടിൽ കേറിച്ചെല്ലേണ്ടതാണെന്ന ബോധം വല്ലതും ഉണ്ടോ ഈ പെണ്ണിന്, നശൂലം...!!"

അമ്മയുടെ വക കിട്ടിയെന്ന ആത്മസംതൃപ്തിയോടെ കവിൾതടത്തിലൂടെ ഊർന്നിറങ്ങിയ കണ്ണുനീർ തുള്ളികൾ കൈത്തണ്ട കൊണ്ട് അവൾ തുടച്ചു നീക്കി...
ഇന്നേവരെ അമ്മയുടെ വായിൽ നിന്ന് നല്ലതൊന്നും കേൾക്കാനുള്ള യോഗം അവൾക്കുണ്ടായിട്ടില്ല. സമാധാനത്തോടെ അവൾ പറയുന്നതൊന്നും കേൾക്കാനുള്ള മനസ്സുപോലും പലപ്പോഴും അവർ കാണിക്കാറില്ല. പോരാത്തതിന് അവൾ എന്ത് പറഞ്ഞാലും അത് ധിക്കാരവും അഹങ്കാരവുമായി വ്യാഖ്യാനിക്കപ്പെട്ടു. സ്വന്തം അമ്മയ്ക്ക് ഒരു മകൾ എന്നും നല്ല സുഹൃത്തുക്കൂടി ആയിരിക്കും എന്നത് അവളുടെ ജീവിതത്തിൽ മാത്രം നടന്നില്ല.

"ഈ പെണ്ണിനെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടാക്കണം...
കണ്ടില്ലേ, ഈ അസത്ത് കാണിച്ചു കൂട്ടുന്നത്...
ഈ ചുമരുമുഴുവനും ഈ കാളി വരച്ച് വൃത്തികേടാക്കും..."

അമ്മയുടെ ആക്രോശം കേട്ട് അവൾ ഒന്ന് ഞെട്ടി.

"അമ്മ എന്തിനാ ഇങ്ങനെ അലറുന്നത്..??
ഞാൻ എന്ത് ചെയ്താലും എന്തിനാ ഇങ്ങനെ ഓരോ കുറ്റം കണ്ടുപിടിക്കണേ...?!"

"കേട്ടില്ലേ ഈ പെണ്ണ് എന്നോട് കിടന്ന് ചാടുന്നത്...!!!
ഇവളോട് ഒന്നും പറയാൻപാടില്ല. എന്ത് പറഞ്ഞാലും ധിക്കാരം..."

"അവൾ എന്തെങ്കിലും ചെയ്യട്ടെ, അവളുടെ ഈ അഹങ്കാരമൊക്കെ തീരാൻ ദിവസമായി, അതാ.."

അച്ഛന്റെ വകയും ആയതോടെ ഇന്നത്തേക്കുള്ളത് എല്ലാം കഴിഞ്ഞു എന്നെ ആശ്വാസത്തിൽ അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു...

നിലാവിൽ കുന്നിൻ ചരുവിൽ പ്രണയം കൈമാറുന്ന ആ പുള്ളിമാനുകൾ ചുമരിലിരുന്ന് അവളെ നോക്കി മന്ദഹസിച്ചു.

                                ********

തന്റെ പിൻകഴുത്തിൽ പതിച്ച ഒരു നേർത്ത നിശ്വാസത്തിലാണ് അവൾ തന്റെ സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റത്... തിരിഞ്ഞു നോക്കുന്നതിനു മുൻപുതന്നെ രണ്ടു മാർദ്ദവമുള്ള കരങ്ങൾ അവളുടെ വയറിലൂടെ ചെന്ന് മുറിക്കെപ്പിടിച്ച് മാറോടണച്ചു...

"എന്താണ് മേഡം, പതിവില്ലാതെ വല്യ ആലോചനയിലാണല്ലോ...?!?"

"ഏയ്യ് ഒന്നുല്ല, ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ഇരിക്കുവായിരുന്നു..."

"അല്ല അതൊക്കെ പോട്ടെ..."
- സംസാരത്തിനിടയിൽ ചുമരിലെ വർണങ്ങൾക്കിടയിൽ അവന്റെ കണ്ണുടക്കി...

"പാതിവഴിയിൽ ഉപേക്ഷിച്ച കുത്തിവര എന്റെ ഭാര്യ പുനരാരംഭിച്ചോ...?!"

"അല്ല, ഞാൻ വെറുതെ..."

"വെറുതേ....!!!?"

"അല്ല, വെറുതെ ഇരുന്നപ്പോ... ഒന്ന് വരച്ചു നോക്കി, അത്രേ ഉള്ളു..."

"ആഹ്ഹാ....
കൊള്ളാം...
നന്നായിട്ടുണ്ട്...!!!"

"ശരിക്കും...!???"

"അതേടീ ഭാര്യേ.... നന്നായിട്ടുണ്ട് "

അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പക്ഷേ, ഇത്തവണ അത്, പ്രീയപ്പെട്ടവന്റെ പ്രശംസയിൽ സംതൃപ്തയായതിന്റെ പ്രതിഫലനമായിരുന്നു...

"ഇതിന് ഞാൻ എന്റെ ഭാര്യയ്ക്ക് എന്ത് ഗിഫ്റ്റാ തരുന്നേ...!!!"

മറുപടിയായ് അവളൊന്നു പുഞ്ചിരിച്ചു...

അവൻ അവളെ തിരിച്ചു നിർത്തി മാറോടണച്ച് നെറുകയിൽ ചുംബിച്ചു...

         പാതി വഴിയിൽ നിറം കേട്ടുപോയ തന്റെ ജീവിതം വർണ്ണാഭമായെന്ന് ഏതോ നിമിഷത്തിൽ അവൾ തിരിച്ചറിഞ്ഞു.

നിലാവിൽ, കുന്നിൻ ചരുവിൽ പ്രണയും കൈമാറുന്ന പുള്ളിമാനുകൾ പ്രണയാർദ്രമായി അവരെ നോക്കി....
ഒരു ചുമരിൽ നിന്ന് ആ പ്രണയവർണങ്ങൾ അവരുടെ ജീവിതത്തിലേക്കും വെളിച്ചം വീശി....

✍🏻️ ദിവ്യ ലക്ഷ്മി-

Comments

Popular posts from this blog

തടവറയിലെ ദിനങ്ങൾ - Part 1

തടവറയിലെ ദിനങ്ങൾ - 4

കാമുകി